ട്രാപ്പിലേയ്ക്ക്
















അഹമ്മദ് റാഷിദ് താനി
വിവർത്തനം: സർജു

(ഡാണാ ഹോട്ടലിൽ മെസ്സനിൻ ഫ്ലോറിൽ പിരിയൻ ഗോവണി കയറിച്ചെല്ലുന്ന ബാറാണ് ട്രാപ്. ബെറ്റി അവിടത്തെ പരിചാരികയും.)


1
വ്യാഴാഴ്ച ഉച്ചതിരിഞ്ഞനേരം
ഞാൻ തെരുവിലേക്കിറങ്ങി
സൂര്യൻ ഭൂമിയെചുടുന്നെങ്കിലും
ജീവിതത്തിന്
ഇപ്പോഴും ജീവനുണ്ടെന്നുതോന്നുന്നു

വലിയ ഉയർന്ന കെട്ടിടങ്ങൾക്കുപിന്നിൽ
തെരുവ് അവസാനിക്കുന്നിടത്ത്
കടൽ ഭാഗ്യവശാൽ ഇപ്പോഴും
തുറന്നുകിടക്കുന്നു.

2

കെട്ടിടങ്ങൾക്കുപിറകിൽ
തെരുവിന്റെ അറ്റത്ത്
നീണ്ടുനിവർന്നുകിടന്ന്
തിരകൾ കൊണ്ടുവരുന്ന
അഴുക്കുകളിൽനിന്ന്
കടൽ അതിന്റെ വടിവൊത്ത ഉടൽ
വെടിപ്പാക്കുന്നു.
അതിന്റെ പാതിരാചുളിവുകളിൽനിന്ന്
ചെറുജീവികൾ ആർത്തിയോടെ
പുറത്തേയ്ക്കൊഴുകുന്നു.
നഗരത്തെയും നടന്നുപോകുന്ന എന്നെയും കാണുമ്പോൾ
പാതിമനസോടെ കടൽ ഉപചാരം പറയുന്നു.





3

സലാം സമുദ്രമേ
ഞനീ നഗരത്തിൽനിന്നല്ല.
നീ നന്നായറിയുന്ന ഒരു ഗ്രാമത്തിൽനിന്ന്
നിന്റെ കടൽപറവകൾക്ക് പരിചയമുള്ള
ഒരു മുക്കുവന്റെ മകൻ.
മണലിൽ നിന്റെ തിരകൾ
ഉപേക്ഷിച്ചുപോയവ പറക്കിയെടുത്ത്
ഞാനെന്റെ ആദ്യഗാനമെഴുതി
നിന്റെ നിലക്കണ്ണാടിയിൽ
നീന്താൻ പഠിച്ചപ്പോൾ
എന്റെ ജീവിതത്തിന്റെ ആദ്യനക്ഷത്രത്തെ
ചൂണ്ടയിൽ കുടുക്കി.

4

കടലേ നിന്റെ കണ്ണാടിയിൽ
എന്റെ ചോരയുടെ ചുരുൾനാരുകൾ
എന്റെ ബാല്യത്തിലെ കുന്നുകൾ
നിനക്ക് സ്തുതിഗീതം ആലപിച്ചു.

ഞാൻ പ്രത്യാശയുടെ സമുദ്രസഞ്ചാരങ്ങൾ തുടങ്ങി.
നിന്റെ കൊടുങ്കാറ്റുകൾ കടലാസുപോലെ
അവയെ ചീന്തിയെറിഞ്ഞു.
ഞാനെന്റെ ആത്മാവിനെ ഒരുക്കി
നിന്റെ കണ്ണുകൾ അതിനെ വെള്ളത്തിൽ മറവുചെയ്തു.
ഞാനീ ശൂന്യതയെ ഒരുക്കി

5.
ശൂന്യതയുമായി ഞാൻ
തെരുവിലേയ്ക്കിറങ്ങി
ജീവിതത്തിലേയ്ക്കിറങ്ങി
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ നേരം.

6.
പ്രണയമൊരു വിസ്മയമാണ്.
അങ്ങനെ ആ പാട്ടു തുടരുന്നു…

അതിനപ്പുറം അതിലൊന്നുമില്ല.
അതാണ് തളർന്ന എന്നോട്
ഞാൻ പറയുന്നത്.
പിന്നിപ്പറിഞ്ഞ ഉടയാടകളോട്
ഭയന്ന കുട്ടിയെപ്പോലെ
പിന്തുടരുന്ന എന്റെ നിഴലിനോട്
മതിലിനോടും.
7.
എന്റെ ഭാവി എനിക്ക് പിന്നിൽ
എനിക്ക് മുന്നിൽ, എന്നിൽ
കാറുകൾ കടന്നുപോകാൻ
ഞങ്ങൾ കാത്തുനിൽക്കുന്നു
ഓർമ്മയുടെ പതിമൂന്നാം നിലയിൽനിന്ന്
ഒരു വേശ്യ കൈ വീശുന്നു.
ഞാനത് വിട്ടുപോകുന്നു.

8.
വേദനകളുടെ ഇടുക്കുകളിൽ‌പ്പെട്ട കപ്പലിൽനിന്ന്‌
സഞ്ചാരികൾ കൈ വീശുന്നു
ആൾക്കൂട്ടത്തിന്റെ കൈകൊട്ടലുകൾക്കായി
തെരുവിന്റെ നടുക്കൊരുവൾ തളർന്നുനിൽക്കുന്നു.
ടാർ അവളുടെ കഴുത്തിൽ
മരണത്തിന്റെ കീർത്തിമുദ്ര ചാർത്തുന്നു.

9.
സമീപത്തെ കടൽ കൈവീശുന്നു.
രാത്രിയോട് വഴക്കിട്ട്
പകൽ മുഴുവൻ ഉറങ്ങിയ തിരകളും.
മുക്കുവരുടെ വലകളിൽ
തളർന്ന മീനുകൾ വിളിക്കുന്നു.




10.
ഞാൻ തെരുവിലേയ്ക്കിറങ്ങുന്നു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്
ടാർ ഉരുകിക്കിടക്കുന്ന തെരുവിലേയ്ക്ക്.
ജനാലകളിൽ തീനാളമായി എരിയുന്ന സൂര്യനിലേയ്ക്ക്.
നരകത്തോടു പൊരുത്തപ്പെട്ട്
ഗന്ധകവും മഞ്ഞും കലർത്തി
ഉദയാസ്തമയങ്ങൾ മൊത്തിയിരിക്കുന്ന
ലോകത്തിലേയ്ക്ക്, അനന്തതയുടെ
നിറപ്പലകയിൽ മാഞ്ഞുപോകാൻ.

11.
വ്യാ‍ഴാഴ്ച ഉച്ചതിരിഞ്ഞ് ബാറിലേയ്ക്ക് നീളുന്ന
തെരുവിലേയ്ക്കിറങ്ങുന്നു.
തെരുവോളം മുഖം താഴ്ത്തി
ട്രാപ്പിലേയ്ക്കു കയറാൻ
ട്രാപ്പിലെ ബാറിലേയ്ക്ക്
ബെറ്റിയും ഒരു കുരുക്കുമുള്ള ബാറിലേയ്ക്ക്.

12.
പ്രണയം ഒരു വിസ്മയമാണ്.
പാട്ടങ്ങനെ തുടരുന്നു.
അതിനപുറത്ത് അതിലൊന്നുമില്ല.
മരിച്ച മനുഷ്യനെപ്പോലെ
നിഴൽ പോലെ സ്വതന്ത്രനാകയാൽ
കടലിൽ ഞാൻ ഉഴുതൊരുക്കിയ
പൂന്തോട്ടങ്ങളെ നരകത്തിലേയ്ക്കെടുക്കട്ടെ.

13.
എന്റെ നിഴലുകൾ
മേശയ്ക്കുകീഴിൽ നിലതെറ്റട്ടെ.
കണ്ണാടിയിൽ എന്റെ രൂപം മാഞ്ഞുപോകട്ടെ.
ലോകത്തിന്റെ മാറിടത്തിലെ
മാളത്തിലേയ്ക്ക്
ജീവിതം വീഴട്ടെ.



14.
ഞാൻ ബെറ്റിയിലേയ്ക്കിറങ്ങുന്നു.
അവൾ വേലചെയ്യുന്ന ബാറിലേയ്ക്ക്
വലിയ പാനകളിൽനിന്ന്
അവൾ കോരുന്ന തണുത്ത ബിയറിലേയ്ക്ക്.
വിശുദ്ധീകരിക്കപ്പെട്ട ആത്മാവുപോലെ
ശുദ്ധമായ ബിയറിലേയ്ക്ക്.
മുങ്ങിത്താഴുന്ന ശ്വാസത്തിൻ നുരകൾ
ഗ്ലാസിൽ കൊടുങ്കാറ്റായി പതയുന്നു.

(1962 - ൽ ഖോർഫക്കാനിൽ ജനിച്ചു. കവി, നാടകകൃത്ത്, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി.വാമൊഴി സംസ്കാരത്തെയും ആധുനികതയേയും സമന്വയിപ്പിച്ച കവി. O! You Eat Dates . .. You Collect Gold, Drowning Verge, Morning Sits next to Sea, Then Night Comes and Takes Me, തുടങ്ങിയവ സമാഹാരങ്ങൾ. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, തുടങ്ങിയ ഭാഷകളിലേയ്ക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടു. 2012 ഫെബ്രുവരിയിൽ അന്തരിച്ചു.)

മഴ കനത്തുപെയ്യുമ്പോൾ


















ഖാലിദ് അൽ ബദൂർ
വിവർത്തനം: സർജു

വേണം നമുക്കിത്തിരിനേരം
ഈ നഗരത്തിൻ തെരുവുകളിലൂടെ നടക്കാൻ
പത്തുമണി കഴിഞ്ഞ് ഏതോ വളവുതിരിഞ്ഞ്
വൈകിവരുന്ന രാത്രികളെ അറിയാൻ

പാതിരാവെത്തും മുമ്പ്
സത്രത്തിലേയ്ക്കുള്ളവഴിയേ
നിന്നോടൊത്തു നടക്കാനെനിക്ക് നേരംവേണം
മഴയുടെ ജലധാരയ്ക്കു കീഴിൽ
മങ്ങിത്തെളിയും നമ്മുടെ തൃഷ്ണകൾ
നമുക്കുകാണാൻ
അവർക്ക് മെഴുതിരികൾ കൊളുത്തുവാനാകും.

നീ അടുത്തുള്ളതിൽ ആനന്ദമറിയുവാൻ
രാത്രിയിലെ നിന്റെ മുഖവടിവുകളറിയുവാൻ
എനിക്ക് നേരം വേണം
ഭിന്നഗ്രഹങ്ങളിൽ
അധിവസിക്കുന്നവർ നാം
ചുണ്ടിലെചെറുചൂടുതൊട്ടറിയുവാൻ
നമുക്ക് നേരം വേണം.

രാത്രി ഇത് നമ്മുടേതല്ല
ഈ നഗരവും
നാമതിൻ ഇടുങ്ങിയ വഴികളിൽ
അലഞ്ഞെന്നിരിക്കിലും.

നീ എന്നിൽനിന്ന് മുഖം തിരിച്ച്
ഒരുമാത്ര പിന്നിട്ട്
മടങ്ങിയെത്തുമ്പോൾ
നിന്നിലേയ്ക്കുള്ള കാഴ്ചകൾ തെളിയുന്നു
ആഹ്ലാദത്താൽ അണപൊട്ടുന്ന
കണ്ണീരിനൊപ്പം പലകാലങ്ങൾ താണ്ടിയ
വേദനകളുയിർക്കുന്നു.

മുഖാമുഖം നാമിരിക്കിലും
ഇടദൂരം ചെറുതല്ല
പക്ഷേ നീയെന്റെ വിരൽതൊട്ട്
സിരകളിൽ തീപടർത്തുന്നു.

നമുക്കു നേരം വേണം
ഓർമ്മിക്കുവാൻ മറക്കുവാനും
ആരറിയുന്നൊരുപക്ഷേ
നമ്മൾ സ്വന്തം പഥങ്ങളിലേയ്ക്ക്
വേർപിരിഞ്ഞേക്കാം,
നമ്മെ അറിയാത്തൊരുനഗരത്തിൽ
മഞ്ഞുകാലത്തിൻ നടപ്പാതകളിൽ
നമ്മുടെ തീവ്രമോഹങ്ങളെ
തണുത്തുമരവിക്കുവാനുപേക്ഷിച്ച്.

നമുക്കറിയുവാൻ നേരംവേണം
ഏതു നഗരത്തിലും തുടരുന്ന
ജീവിതചര്യകൾ
വരുംകാലമെന്നൊന്നില്ല എവിടെയും
ഈ നിമിഷമല്ലാതെ
ഇതു മാത്രമല്ലാതെ

നാം മുഖത്തോടുമുഖം നോക്കി
മൌനമായിരിക്കുമ്പോൾ
സത്രത്തിൻ ജനാലയ്ക്കൽ
കനത്തുവീഴുന്നു മഴ.


(ആധുനിക എമിറാത്തി കവികളിൽ പ്രമുഖൻ. ഒഹിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം. റേഡിയോ ദുബായുടെ ഡിറക്ടറായിരുന്നു. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ സ്ഥാപകാംഗങ്ങളിൽ ഒരാൾ. കവിതകൾ നിരവധി ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. ലണ്ടൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉൾപ്പെടെ രാജ്യാന്തര കാവ്യോത്സവങ്ങളിൽ എമിറാത്തി കവിതയെ പ്രതിനിധീകരിച്ചു.)
© | puthukavitha.blogspot.com |